അഗസ്ത്യകൂടത്തിലേക്കൊരു തീർത്ഥാടന യാത്ര PART 2


   ബോസ് ക്യാമ്പിൽ നിന്നും അഗസ്ത്യമലയിലേക്ക്



                                 പുൽമേട് വഴിയുള്ള കഠിനമായ യാത്ര കഴിഞ്ഞ് ഉച്ച സമയത്താണ് അതിരുമല ബേസ് ക്യാമ്പിലേക്ക് പോകുന്നത് ,
   വലിയ കുന്ന് കയറി വന്ന് നിരപ്പായ സ്ഥലത്തു കൂടിയാണ് നടക്കുന്നത് , കുന്നിന്റെ മുകളിൽ നിൽക്കുന്ന ഒരു ഫീൽ തോന്നി .
                       ഇന്ന് ബേസ് ക്യാമ്പിൽ വിശ്രമിച്ച് നാളെ രാവിലെയാണ് മല കയറ്റുന്നത് , ബേസ് ക്യാമ്പിലേക്ക് പോകുന്ന വഴി ചെറിയ കാവ് കാണാൻ കഴിഞ്ഞു അവിടെ പൊങ്കാല അർപ്പിച്ചിരിക്കുന്നത് കാണാൻ കഴിഞ്ഞു ,
കുറച്ചു മുന്നോട്ടു പോകുമ്പോൾ വഴി രണ്ടായി തിരിയുന്നു ഒന്ന് ബേസ് കാമ്പിലേക്കും മറ്റേത് അഗസ്ത്യമലയിലേക്ക് ഉള്ളതും
         ബേസ് ക്യാമ്പിലേക്കുള്ള വഴി മോശമല്ലാത്ത വഴിയാണ് , എന്നാൽ അഗസ്ത്യമലയിലേക്ക് പോകുന്ന വഴി ദുഷ്കരമായി കിടക്കുന്നത് കാണാം .
                എന്തായാലും ബേസ് ക്യാമ്പിലേക്ക് നടന്നു എത്തിചേർന്നു.
     ബേസ് ക്യാമ്പിന് ചുറ്റും വലിയ കിടങ്ങുകൾ വെട്ടിയിട്ടുണ്ട് , വന്യമൃഗങ്ങളിൽ നിന്നുമുള്ള സംരക്ഷണത്തിനാണ് ,
               ബേസ് ക്യാമ്പിൽ എത്തുമ്പോൾ ആദ്യം കാണുന്നത് ക്യാന്റീൻ ആണ് ഓഫീസും ഉണ്ട് ,
 അതിനു സൈഡിൽ കൂടി അകത്തു കയറുമ്പോൾ 2 വശത്തും ഷെഡുകൾ ഉണ്ട് ,
അവിടെ വരുന്നവർക്കു കിടക്കാൻ 4 ഷെഡുകൾ ആയിരുന്നു ഒരുക്കിയിരുന്നത് , ഇടതു സൈഡിൽ പഴയ 2 ഷെഡുകൾ ആയിരുന്നു , വലതു വശത്തു പുതിയ നീല നിറത്തിൽ ഉള്ള 2 ഷെഡുകൾ ആണ് ,
         പഴയ ഒരു കെട്ടിടം പൊളിച്ചു കളഞ്ഞിട്ടു പുതുതായി കെട്ടിയതാണ് ഈ 2 ഷെഡുകൾ ,
       ഇവിടെ നിന്നു നോക്കിയാൽ അഗസ്ത്യമല നല്ല രീതിയിൽ കാണാൻ കഴിയും .


ഓഫീസിൽ നിന്നും കിടക്കാൻ പായും, ഷീറ്റും വാങ്ങി , 2 ആളുകൾക്ക് 1 പായും ഷീറ്റുമാണ് നൽകുന്നത് , നമ്മുക്ക് പുതിയതായി നിർമ്മിച്ച ഷെഡാണ് കിട്ടിയത് .
                 അദ്യം ഒന്നു ഫ്രഷ് ആവാൻ തീരുമാനിച്ചു , കൈയ്യിൽ ഉണ്ടായിരുന്ന ബാഗുകൾ കിടക്കുന്ന സ്ഥലത്ത് വച്ചിട്ടു പുറത്തിറങ്ങി , കുളിക്കാനായി കുറച്ചു ദൂരെ വെള്ളച്ചാട്ടം ഉണ്ടെന്നു കേട്ടു പക്ഷെ ദൂരെ ആയതിനാൽ പോയില്ല ,
                 ബാത്ത് റൂം ഉള്ളതിനാൽ അവിടെ നിന്നും കുളിച്ചു , നെയ്യാർ നദിയുടെ ഉത്ഭവസ്ഥാനം ഇവിടെയാണ് ,
                  പുറകിൽ ഒരു പാറയിൽ ഫോണിനു സിഗ്നൽ കിട്ടുമെന്ന് കേട്ടു , അവിടെ ചെന്നു ചെറിയ തോതിൽ സിഗ്നൽ കിട്ടുന്നുണ്ട് , കുറച്ചു നേരം ഫോണിൽ കളിച്ചു , വീട്ടിലേക്ക് വിളിച്ചും സമയം കളഞ്ഞു .
                   പിന്നെ അടുത്തു സ്ഥലങ്ങൾ കാണാൻ നടക്കാൻ ഇറങ്ങി , മുന്നിൽ കണ്ട വഴിയിലൂടെ കുറച്ചു ദൂരം നടന്നു. കുറച്ചു അകലെ കാട്ടിനകത്ത് ആനയുടെ ചിന്നം വിളി കേട്ടു , അതിനാൽ വേറെ ഒന്നും ആലോചിക്കാതെ തിരിച്ച് ക്യാമ്പിൽ വന്നു .
                 ആളുകൾ ആഹാരം കഴിക്കുകയും സാധനങ്ങൾ അടുക്കി വയ്ക്കുകയും ചെയ്യുന്നു .
              അവിടെ ഇരുന്ന് നാളെ പോകുന്ന അഗസ്ത്യമലയുടെ ഭംഗി ആസ്വദിച്ചു .
                  കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ നെയ്യാർ വന്യജീവി സങ്കേതത്തിനുള്ളിൽ 1868 മീറ്റർ ഉയരമുള്ള ഒരു മലയാണ് അഗസ്ത്യകൂടം. കേരളത്തിന്റെയും തമിഴ്നാട്ടിലുടേയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്നു. ഇത് തമിഴിൽ അഗസ്ത്യമല, പൊതിഗൈ മലയ് എന്നും അറിയപ്പെടുന്നു. പശ്ചിമ മലനിരകളുടെ തെക്ക് അറ്റത്തുള്ള കുന്നുകളിലാണ് ഈ മല സ്ഥിതിചെയ്യുന്നത്..

ഈ കൊടുമുടിക്ക് ചുറ്റുമുള്ള വനങ്ങൾ വളരെ അപൂർവ്വ ഔഷധ ചെടികളും സസ്യങ്ങളും നിറഞ്ഞതാണ്. കേരളത്തിലെ പ്രകൃതിദത്ത വനങ്ങളിൽ ഒന്നാണ് ഇത്. പടിഞ്ഞാറൻ മലനിരകളിലെ ജൈവവൈവിധ്യത്തിന്റെ ഏറ്റവും ധാരാളമായി ഇത് ഒളിഞ്ഞിരിക്കുന്നു. പശ്ചിമഘട്ടത്തിലെ കൊടുമുടികളിൽ, അഗസ്ത്യകൂടം ഇടത്തരം കൊടുമുടിയായി കണക്കാക്കുന്നു. എന്നിരുന്നാലും, മലമുകളിൽ ട്രെക്കിങ്ങ് നടത്തുമ്പോൾ നിങ്ങൾക്ക് ഉൻമേഷം അനുഭവപ്പെടും. ഇവിടെയുള്ള കാറ്റിന് പോലും ഔഷധഗുണങ്ങളുണ്ട് .

ഈ കുന്നുകളിലെ യഥാർത്ഥ നിവാസികൾ "കനിസ്" എന്നറിയപ്പെടുന്ന ഒരു ഗോത്രമാണ്. ഈ പ്രദേശങ്ങളിൽ താമസിക്കുന്ന 400 ഓളം കന്നി കുടുംബങ്ങളുണ്ട്. അഗസ്ത്യകൂടത്തിന്റെ കോർ ഏരിയയിൽ നിന്ന് കരമയൂർ, നെയ്യാർ നദികളുടെ നദീതീരങ്ങളിൽ സ്ഥിതി ചെയ്യുന്നതാണ് ഖാനി സെറ്റിൽമെന്റ്സ്. വനവൽക്കരണ വകുപ്പ് സംഘടിപ്പിച്ച ഇക്കോ-ഡവലപ്മെന്റ് കമ്മിറ്റികളുമായി ചില ആദിവാസികൾ പ്രവർത്തിക്കുന്നു. സമീപകാലത്ത് അഗസ്ത്യകൂടത്തിനു വേണ്ടി ഗൈഡുകളായും സ്റ്റാഫുകളായും പ്രവർത്തിച്ചു തുടങ്ങി.

                         രാത്രി ആയി എല്ലാവരും ഉറങ്ങാൻ കിടന്നു . നമ്മളും കിടന്നു , ഉറക്കം വന്നില്ല , രാത്രി 11 മണി ആയപ്പോൾ മഴ തുടങ്ങി , നല്ല തകർത്തു പെയ്തു , രാവിലെ മഴ തീരാൻ പ്രാർഥിച്ചു , മഴ ആയാൽ മലകയറ്റം ദുഷ്കരമായിരിക്കും .
                    രാവിലെ 5 മണിക്കു എണീറ്റു , ചെറിയ ചാറ്റൽ മഴ ഉണ്ട് , കുളിച്ചു ആഹാരം കഴിച്ച് 7 മണിക്ക് നമ്മൾ ഇറങ്ങി .
                        അഗസ്ത്യമലയിലേക്കുള്ള വഴി നടന്നു തുടങ്ങി. ആദ്യമേ കയറ്റമാണ്. കുറച്ചു ദൂരം കയറിയപ്പോൾ മഴ കനത്തു ,കയറി നിൽക്കാൻ ഒന്നും തന്നെ ഇല്ല , തിരിച്ചു മടങ്ങിപോയാലോ എന്നു വരെ ചിന്തിച്ചു , മുന്നോട്ടു തന്നെ പോകാൻ തീരുമാനിച്ചു , മഴ നനഞ്ഞു നടത്തം തുടർന്നു ,
                       പോകുന്ന വഴികാട്ടുപോത്തിന്റെ ചാണകം കിടക്കുന്നു , നമ്മൾ വരുന്നതിന് കുറച്ചു മുൻപേ ഇതുവഴി കടന്നു പോയതാണെന്ന് തോന്നുന്നു , ചുറ്റും ഈറ്റ കാടാണ് .
                  നല്ല കയറ്റമാണ് മല കയറുന്ന പോലെ പുറകിലോട്ട് നോക്കിയാൽ താഴെ കയറി വന്ന വഴി കാണാൻ കഴിയും , മഴ ആയതിനാൽ നല്ല മഞ്ഞു ഉണ്ടായിരുന്നു അത് കാഴ്ച മറയ്ക്കാൻ കാരണമായി.
                കൂടെ വന്ന സുഹൃത്ത് കാൽ വഴുതിവീണു, ഭാഗ്യത്തിന് ഒന്നും പറ്റിയില്ല , കുറച്ചു നേരം ഒരു മരത്തിനു താഴെ വിശ്രമിച്ചു ,
                     വീണ്ടും യാത്ര തുടങ്ങി , വെള്ളച്ചാട്ടത്തിനു അടുത്തുകൂടിയാണ് പോകുന്നത് ഇപ്പോൾ , നല്ല കാട് തുടങ്ങി , മഴയും കാറ്റും ശക്തമായി , വഴി അറിയാൻ പറ്റാത്ത അവസ്ഥയാണ്.
                    കുറച്ചു ദൂരം കഠിനമായ യാത്രയുടെ അവസാനം പൊങ്കാലപ്പാറയെത്തി , ആളുകൾ ഇവിടെ പൊങ്കാല അർപ്പിച്ചിട്ടാണ് പോകുന്നത് .
                   ഇവിടെ വലിയൊരു വെള്ളച്ചാട്ടം ഉണ്ട്. 4 സൈഡിൽ നിന്നുമുള്ള വെള്ളം വന്നു ചേർന്നാണ് വെള്ളച്ചാട്ടം രൂപപ്പെട്ടത് .
        പൊങ്കാലപ്പാറ കഴിഞ്ഞ് മുട്ടിടിച്ചാപ്പാറയാണ് , ഇതുവരെ കയറിയ പാറകയറ്റങ്ങൾ ഒന്നും അല്ലാതാക്കുന്ന വിധം തല ഉയർത്തി നിൽക്കുന്ന മുട്ടിടിച്ചാപ്പാറ.
          മുൻപേ മലകയറിയവർ ഇറങ്ങി വരുന്നുണ്ട്, ചിലർ വയ്യാതെ തളർന്നു ഇരിക്കുന്നു , മലകയറാൻ വലിയ വടം മുകളിൽ നിന്നും വലിച്ചുകെട്ടിയിട്ടുണ്ട് , അതിൽ പിടിച്ച് നമ്മൾ പതിയെ കയറി തുടങ്ങി.
                   ഒരു പാറ കയറി പിന്നെയും ചെറിയൊരു കാടു തുടങ്ങി , വീണ്ടും വലിയൊരു പാറ കയറ്റം അതും കഷ്ടപ്പെട്ട് കയറി മുന്നേട്ടു നടന്നു , അവസാനത്തെ പാറയും കയറാൻ തുടങ്ങി. താഴേക്ക് നോക്കിയാൽ പേടിയാവും , കുത്തനെ കിടക്കുന്ന പാറയിൽ പിടിച്ചു കയറുന്നത് ദുഷ്കരമാണ്.
                   ഇവിടെ വെച്ചു നിർത്തി തിരികെ പോകാൻ തോന്നും , എന്നാൽ നമ്മളെക്കാൾ പ്രായമുള്ളവർ വളരെ ആയാസരഹിതമായി കയറുന്നത് കണ്ടപ്പോൾ മുന്നോട്ടു പോകാൻ ധൈര്യം പകർന്നു കിട്ടി.
                     എങ്ങനെയോ മുകളിൽ എത്തി , കുറച്ചു മുന്നോട്ട് ചെറിയൊരു കുറ്റിക്കാട്ടിനു നടുവിലാണ് അഗസ്ത്യമുനിയുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത് , അവിടെ ഒരു പൂജാരി പൂജ നടത്തുന്നു , കുറച്ചു നേരം പ്രാർത്ഥിച്ചു .
             അതു കഴിഞ്ഞ് ചുറ്റുമുള്ള കാഴ്ചയിലേക്ക് കടന്നു. കോടമഞ്ഞ് ആയതിനാൽ ദൂരെ കാഴ്ചകൾ വ്യക്തമായില്ല , മേഘങ്ങൾക്കു ഇടയിൽ നിൽക്കുന്ന ഫീൽ ആയിരുന്നു.
                          കൂടുതൽ നേരം അവിടെ നിൽക്കാൻ കഴിഞ്ഞില്ല, കാരണം ശക്തമായ തണുപ്പാണ് മുകളിൽ , ശരീരം തണുത്തു തുടങ്ങിയാൽ താഴേക്ക് ഇറങ്ങുന്നത് ദുഷ്കരമാണെന്നു ആരോ പറഞ്ഞു , കൈ മരവിച്ചാൽ കയറിൽ പിടിച്ച് ഇറങ്ങാൻ പറ്റില്ലത്രേ .
                        പെട്ടന്നു തന്നെ താഴെ ഇറങ്ങി.   11 മണിയൊക്കെ ആയപ്പോൾ ബേസ് ക്യാമ്പ് എത്തി , ബാഗ് എല്ലാം എടുത്ത് ഉടനെ ഇറങ്ങി , രാത്രി ആകും മുമ്പേ ബോണക്കാട് എത്തണം , ചിലർ ഒരു ദിവസം കൂടി ബേസ് ക്യാമ്പിൽ താമസിച്ചിട്ടാണ് തിരികെ വരുന്നത് , നമ്മൾ എന്തായാലും ഇറങ്ങി , പുൽമേട് എത്തുന്നതു വരെ മല കയറാൻ വരുന്ന ആളുകളെ കാണാൻ കഴിഞ്ഞു , പുൽമേട് കഴിഞ്ഞ് ഞങ്ങൾ മാത്രമായി , വരുന്ന വഴി സുഹൃത്തിന് കാലു വേധന കഠിനമായി , പല സ്ഥലങ്ങളിലും വിശ്രമിച്ചാണ് തിരികെ ബോണക്കാട് എത്തിയത്.
                           6 മണി ആയിരിക്കുന്നു. മഴ പെയ്തതിനാൽ റോഡ് വളരെ മോശം ആയിരുന്നു. കുറച്ചു ദൂരം നമ്മൾ ഇറങ്ങി നടക്കേണ്ടി വന്നു.
           അഗസ്ത്യമലയുടെ മനോഹാര്യത ആസ്വദിച്ച് തിരികെ വീട്ടിലേക്ക് . മനോഹരവും സാഹസികത നിറഞ്ഞതുമായ യാത്ര ആയിരുന്നു , വീട്ടിൽ വന്നു കാലു വേദന മാറാൻ 2 ദിവസമെടുത്തു.......
                       
                                           By Anoop .













Comments