picket സ്റ്റേഷനിൽ നിന്നും ബേസ് ക്യാമ്പ് വരെ
കുറച്ചു മാസങ്ങൾക്ക്മുമ്പ് നടത്തിയ ഒരു സാഹസിക യാത്രയാണ് ഞാൻ പങ്കു വയ്ക്കുന്നത് .
അഗസ്ത്യകൂടം എന്നു പണ്ടുമുതലേ കേൾക്കുമ്പോൾ മനസ്സിൽ പച്ചപ്പിന്റെ കുളിർമ്മ ആണ് കടന്നു വരുന്നത് , അവിടെ പോകണം എന്നു ഉണ്ടായിരുന്നെങ്കിലും എങ്ങനെ പോകും , എവിടന്നു പോകും , അവിടെ കയറ്റി വിടുമോ , ടിക്കറ്റ് എവിടെ നിന്നു എടുക്കും ഇതൊന്നും അറിയാത്തതുകൊണ്ട് ആഗ്രഹം മനസ്സിൽ ഒതുക്കി ഇരുന്നപ്പോഴാണ് ഒരു കൂട്ടുകാരൻ പെട്ടന്ന് ഒരു ദിവസം വിളിക്കുന്നത് , 'അവന്റെ പരിചയത്തിൽ ഒരാൾ അഗസ്ത്യമല പോകുന്നു അങ്ങനെ അവൻ എന്നെയും വിളിച്ചു'
പോകണം എന്നു വിചാരിച്ചിരുന്നുവെങ്കിലും പെട്ടന്ന് പോകാൻ അവസരം കിട്ടിയപ്പോൾ മനസ്സിൽ ഒരു പേടി ,
കാട്ടാനയും, കാട്ടുപോത്തുകളും, കരടിയും എല്ലാം നിറഞ്ഞ ജൈവ വൈവിദ്യമായ കാടാണ് , ഫോണിന് സിഗ്നൽ കിട്ടില്ല , ആഹാരം കിട്ടില്ല , 20 കിലോമീറ്റർ എങ്കിലും നടക്കണം .
എന്തും വരട്ടെ പോകാൻ തന്നെ തീരുമാനിച്ചു. പോകുന്നതിന് കുറച്ചു ദിവസം മുൻപാണ് ടിക്കറ്റ് ബുക്ക് ചെയ്തത് ,
ടിക്കറ്റ് ബുക്ക് ചെയ്യാൻ 500 രൂപയാണ് ഒരാൾക്ക് ,ബുക്ക് ട്രക്കിങ് ടിക്കറ്റിനുള്ള ബുക്കിങ് ആദ്യദിവസം തന്നെ കേരള വനംവകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ് . 2014- മുതൽ കേരള ഇ.എസ്.എസ്. ഡെലിവറി പോർട്ടലിലൂടെ ഈ സംവിധാനം വിതരണം ചെയ്തുവരുന്നു. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും പോർട്ടലിനായി ഒരു അക്കൗണ്ട് രജിസ്റ്റർ ചെയ്യാം.
2013 വരെ അഗസ്ത്യകൂടം തീർത്ഥാടന ട്രെക്കിംഗിന് ബുക്ക് ചെയ്യൽ വളരെ പ്രയാസമായിരുന്നു. ട്രെക്കിങ് പരിപാടിയുടെ ആരംഭം കുറിക്കുന്നതിന് രണ്ട് ദിവസം മുൻപ് വനംവകുപ്പ് പ്രവേശന പാസ്കൾ ലഭിക്കുന്നതിന് തീയതി പ്രസിദ്ധീകരിക്കും. തിരുവനന്തപുരത്തുള്ള പി.ടി.പി നഗറിൽ ഫോറസ്റ്റ് ഓഫീസിൽ നിന്ന് എൻട്രി ടിക്കറ്റുകൾ വിതരണം ചെയ്യുന്നു. പ്രവേശന പാസുകൾ ലഭിക്കുന്നതിന് അർദ്ധരാത്രി മുതൽ ആളുകൾ ക്യൂവിൽ വരും, ഇപ്പോഴാണ് ഓൺലൈൻ ബുക്കിങ്ങ് ഏർപ്പെടുത്തിയത് .
തലേ ദിവസം രാത്രിതന്നെ ഞാൻ കൂട്ടുകാരന്റെ വീട്ടിലേക്ക് പോയി . നാളെ യാത്ര പോകാൻ വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ചെയ്തു .
ആഹാരത്തിനായി കടയിൽ നിന്നും 6 കവർ ബ്രഡും ജാമും , 20 ബറോട്ട, ചപ്പാത്തി , 6 ഏത്തപ്പഴം , 5 കുപ്പിവെള്ളം പിന്നെ കൂട്ടുകാരന്റെ വീട്ടിൽ നിന്ന് കറി ചമ്മന്തി പൊടി വലിയ കവർ നിറച്ച് . എല്ലാം പാക്ക് ചെയ്ത് കിടന്നപ്പോഴും മനസ്സ് നാളെ പോകാനുളള ചിന്തയിൽ ആയിരുന്നു .
രാവിലെ 7 മണിക്ക് തന്നെ നമ്മൾ ഇറങ്ങി , ബോണക്കാട് വരെ ബൈക്കിൽ ആണ് പോകുന്നത് , രാവിലെ നല്ല തണുപ്പത്ത് ഇറങ്ങിയപ്പോൾ, പേടിയും ആകാംഷയും നിറഞ്ഞ ഫീൽ ആയിരുന്നു .
വിതുര കഴിഞ്ഞപ്പേഴേക്കും ഫോൺ സിഗ്നൽ ഇല്ലാതായി , പുറം ലോകവുമായി ഒരു ബന്ധവുമില്ലാത്ത സ്ഥലത്തേക്കാണ് പോകാൻ പോകുന്നത്, ബോണക്കാട് പോകുന്ന വഴി തന്നെ കാട്ടിൽ കൂടി പോകുന്നെന്ന് തോന്നും വിധം മരങ്ങൾ ഇരുവശത്തും , ഉൾക്കാട്ടിൽ കയറിയാൽ ഇതിലും ഭയാനകമാകുവെന്ന് ഉറപ്പിച്ചു ,
പോകുന്ന വഴി മനോഹരമായ കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞു , മഞ്ഞപുതപ്പണിഞ്ഞ് സൂര്യൻ ഉദിക്കുന്നതാണ് .
Picket സ്റ്റേഷൻ എത്തി കുറേ ആളുകൾ എത്തിയിട്ടുണ്ട് , കാറുകൾ നിരത്തി ഇട്ടിരക്കുന്നു , പാർക്കിങ്ങ് സൗകര്യം ഉണ്ട്.
നമ്മൾ 4 പേരാണ് പോകുന്നത് , അവർ വരുന്നതും കാത്ത് നമ്മൾ ഇരുന്നു ,
മകരവിളക്കു മുതൽ ശിവരാത്രി വരെയുള്ള സമയങ്ങളിലാണ് തീർത്ഥാടന യാത്ര നടത്തുന്നത് ., അഗസ്ത്യകൂടം കൊടുമുടികളും ഹിന്ദു വിശ്വാസികൾക്ക് തീർത്ഥാടന കേന്ദ്രവുമാണ്. അഗസ്ത്യ മുനി പർവ്വത മലയിൽ ധ്യാനിച്ചതാണ് പറയുന്നത്. ഹിന്ദു പുരാണങ്ങളിൽ ഏഴ് മഹാരീഷുകങ്ങളിൽ ഒന്നാണ് അഗസ്ത്യ മുനി. അഗസ്ത്യപുരിയിലെ ഒരു പ്രതിമയും അഗസ്ത്യകൂടം ട്രെക്കിംങ് സീസനുമൊക്കെയായി മലമുകളിൽ ഒരു ചെറിയ ദേവാലയമുണ്ട്. ഇവിടെ പൂജകൾ നടക്കുന്നു.
(പരമ്പരാഗത ഇന്ത്യൻ മെഡിസിൻ ആയ ആയുർവേദ സിദ്ധാന്തം അഗസ്ത്യ മുനിയായാണ് കണക്കാക്കുന്നത്. അദ്ദേഹത്തിന്റെ പ്രതിമകളിൽ ഏറെയും ഒരു കൈയിൽ ഒരു കല്ല്, ഒരു പാത്രത്തിൽ മരുന്നുകൾ എന്നിവയാണ്. തമിഴ് സാഹിത്യത്തിന്റെയും സിദ്ധവൈദ്യത്തിന്റെയും പിതാവായും കരുതപ്പെടുന്നു).
നമ്മുടെ കൂടെ വരുന്ന 2 പേർ കൂടി എത്തി . ഇനിയും ആളുകൾ വരുന്നതേയുള്ളൂ , പിന്നെയും നിന്നു സമയം കളഞ്ഞു .
9 മണി ആയി , ടിക്കറ്റ് , id card എന്നിവ പരിശോദിക്കാൻ സമയം ആയി , നമ്മൾ ടിക്കറ്റ് കൊടുത്തു , ഇനി അടുത്തത് ബാഗ് പരിശോദന യാണ് , യാതൊരു കാരണവശാലും പ്ലാസ്റ്റിക്ക് സാധനങ്ങൾ കൊണ്ട് പോകാൻ പാടില്ല , പ്ലാസ്റ്റിക് കുപ്പി കൊണ്ടു പോകാമെങ്കിൽ 100 രൂപ അടച്ച ശേഷം കൊണ്ടു പോകാം തിരികെ എത്തുമ്പോൾ പൈസ മടക്കി നൽകുന്നതാണ്.
100 ആളുകൾക്ക് മാത്രമാണ് ഒരു ദിവസം പ്രവേശനം , നമ്മൾ പുറപ്പെടാൻ നിന്നപ്പോൾ 85 പേരോളം ഉണ്ടായിരുന്നു , പിന്നെ മുളങ്കമ്പുകൾ വിൽക്കാൻ വച്ചിട്ടുണ്ട് , കാട്ടിൽ പോകുന്നതിനാൽ എല്ലാവരും മുളങ്കമ്പ് വാങ്ങുന്നുണ്ട് , ഞാനും വാങ്ങി ഒരു കമ്പ് 10 രൂപ .
പിന്നെ ഇവിടെ ആഹാരസാന്നങ്ങൾ നല്ല വിലയാണ് , കഞ്ഞിക്ക് 60 രൂപ ആണ് ,
' പിന്നെ വരുന്നവരുടെ പ്രത്യേക ശ്രദ്ധക്ക് അഗസ്ത്യർ മല ധാരാളം ഔഷധ സസ്യങ്ങളുടെ കലവറയാണ് , അതിനാൽ ആരും ആവശ്യം ഇല്ലാതെ ഒരു സസ്യത്തിന്റെ ഇലയും മണപ്പിക്കാനോ , കഴിക്കാനോ പാടില്ല , വളരെ ശ്രദ്ധിച്ചു മാത്രമേ നടക്കാൻ പാടുള്ളൂ ' എന്തേലും പറ്റിയാൽ ആശുപത്രിയിൽ എത്തിക്കാൻ 48 മണിക്കൂർ എങ്കിലും എടുക്കും , 4 പേർ ചുമന്ന് വേണം കൊണ്ടുവരാൻ തന്നെ , ഏതാനും ദിവസം മുമ്പ് ഇങ്ങനെ ഒരു സംഭവം ഉണ്ടായിയത്രേ .
നമ്മൾ നടക്കാൻ ആരംഭിച്ചു , picket സ്റ്റേഷന്റെ ചേർന്നു കിടന്ന ഇടവഴിയിൽ കൂടി നടന്നു തുടങ്ങി .ഓരോ ടീമിനും ഓരോ ഗെയിഡ് വെച്ച് ഉണ്ട് .
ആദ്യം ഒക്കെ ചെറിയ വഴി ഉണ്ടായിരുന്നു പിന്നെ മുന്നോട്ടു പോകുംതോറും വഴി ഇല്ലാതായി വന്നു. പാറയും മരത്തിന്റെ വേരുകളും നിറഞ്ഞ പാത , കുറച്ചു ദൂരം കഴിഞ്ഞു , ഇപ്പോഴത്തെ അവസ്ഥ 'വഴിക്കു 2 വശത്തും റബ്ബർ മരങ്ങൾ തിങ്ങിനിറഞ്ഞു നിൽക്കുന്നതു പോലെ മരങ്ങൾ നിൽക്കുന്നു , ഒരു റബ്ബർ കാട്ടിൽ കൂടി പോകുന്ന ഫീൽ '
ഇത്രയേ ഉള്ളുവോ ഇതാണോ വലിയ സാഹസിക യാത്ര എന്നു മനസ്സിൽ പറഞ്ഞു മുന്നോട്ടു നീങ്ങി .
ഇപ്പോൾ പോകുന്ന വഴി , നമ്മൾ ഒരു കുന്നിന്റെ നടുവിൽ കൂടി വഴി വെട്ടിയാൽ എങ്ങനെയിരിക്കും അതുപോലെയാണ് . ഇടതു വശത്ത് വലിയ കുന്നാണ്, വലതു വശത്ത് താഴ്ന്ന് കിടക്കുന്ന മല ചരിവും , താഴെ വീണാൽ പോയി .
മുന്നോട്ട് പോകുംതോറും ആളുകളുടെ എണ്ണം കുറഞ്ഞു വന്നു , ചില ആളുകൾ വേഗത്തിൽ നടക്കും ചിലർ പതിയെ നടക്കും , അങ്ങനെ എല്ലാവരും ചിതറി പല സ്ഥലങ്ങളിൽ ആയി വരുന്നു .
വഴി വളരെ മോശം ആയി വരികയാണ് , കാടിന്റെ അകത്ത് എത്തിയതായി അറിയാൻ കഴിയും , നിശബ്ദ്ധമാണ് , ചില ശബ്ദ്ധങ്ങൾ കേൾക്കാം ഞാൻ ഇതിനു മുൻപ് കേട്ടിട്ടില്ല . നമ്മൾ സംസാരിച്ചാൽ ചീവിടുകൾ കരയുന്ന ശബ്ദ്ധം പെട്ടന്ന് കേൾക്കാം .
പിന്നെ വേറെ ഒരു കൗതുകമായ കാഴ്ച്ച , പോകുന്ന വഴിയിൽ പലയിടത്തും പ്രതിഷ്ട വച്ചിട്ടുണ്ട് പോകുന്നവർ അതിൽ ചന്ദനത്തിരിയും വിളക്കും കത്തിച്ചു വച്ചിട്ടാണ് പോകുന്നത് .
നല്ല ശക്തമായ കാറ്റ് അടിക്കുന്നുണ്ട് പോകുന്ന വഴി ചെറിയ അരുവികൾ കാണാം ,
നടന്നു ലാത്തിമൊട്ട എന്ന സ്ഥലത്തെത്തി , അവിടെ ഗയിഡിന് താമസിക്കാൻ ചെറിയ ക്യാമ്പ് കെട്ടിയിട്ടുണ്ട് , ആനശല്യം ഉള്ളതിനാൽ ക്യാമ്പിന് ചുറ്റും വലിയ കിടങ്ങുകൾ കുഴിച്ചിട്ടുണ്ട് .
ഇപ്പോൾ നമ്മൾ 4 പേർ മാത്രമായി , ധാരാളം പക്ഷികളുടെ ശബ്ദം , പക്ഷി നിരീക്ഷണ കേന്ദ്രം കൂടി ആണ് . ഇടക്ക് എവിടയോ ഒരു ആനയുടെ അലർച്ച , പേടി എന്താണെന്ന് അറിയുന്ന നിമിഷങ്ങൾ ആയിരുന്നു അത് .
പിന്നെയും കാഴ്ചകൾ കണ്ട് മുന്നോട്ട് നടന്നു , ഉള്ളിൽ പേടിയും ,
പിന്നെ മുന്നോട്ടു ഗയിഡ് ഇല്ലാതെ നമ്മൾ മാത്രമാണ് പോകുന്നത് , ഗയിഡ് ചിലപ്പോൾ പുറകിൽ ആയിരിക്കും .
നടക്കുന്ന ഇടയിൽ കരമനയാർ മുറിച്ചു കടന്നു , വലിയ മരങ്ങൾ ഉണ്ട് അതിൽ നമ്മുക്ക് നിന്നു ഫോട്ടോ എടുക്കാം ,
അതു കഴിഞ്ഞ് നമ്മൾ എത്തിയത് അട്ടയാർ എന്ന സ്ഥലത്താണ് , വളരെ മനോഹരമായ വെള്ളച്ചാട്ടം കാണാൻ കഴിഞ്ഞു , ഇതിനു മുന്നിലത്തെ സ്ഥലങ്ങളിൽ ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങൾ ഉണ്ടെങ്കിലും ഇതാണ് ആഹാരം കഴിക്കാനും കുളിക്കാനും പറ്റിയത് . മുൻപേ എത്തിയവർ ആഹാരം കഴിക്കുന്നതും കുളിക്കുന്നതും കണ്ടു.
ഇനിയുള്ള യാത്ര കുളി കഴിഞ്ഞ് ആഹാരവും കഴിച്ച് ആകാമെന്ന് തിരുമാനിച്ചു ,
നല്ല തണുത്ത വെള്ളമാണ് , കാട്ടരുവിയിൽ കൂടിയുള്ള കുളി മനസ്സിനും ശരീരത്തിനും ഉൻമേഷം പകർന്നു തന്നു , ഒഴുകി വരുന്ന തെളിനീർ കാണാൻ തന്നെ മനോഹരമാണ്.
അഹാരവും കഴിച്ച് അൽപ്പനേരം വിശ്രമിച്ച ശേഷം യാത്ര തുടർന്നു .
വിജനമായ കാട് പതിയെ പിൻമാറുന്ന പോലെ , സൂര്യപ്രകാശം ശക്തി കൂടി വന്നു , ഇടതൂർന്ന മരങ്ങൾ കുറഞ്ഞു വന്നു , നമ്മൾ പുൽമേട്ടിൽ എത്തിയിരിക്കുന്നു.
ഇവിടെ വലിയ മരങ്ങൾ ഒന്നും തന്നെ ഇല്ല , പുല്ലും ചെറിയ മരങ്ങളും മാത്രം , പക്ഷേ അവയൊന്നും നമ്മുക്ക് തണൽ നൽകാൻ പ്രാപ്തരല്ലായിരുന്നു , നല്ല കഠിനമായ വെയിൽ ആയിരുന്നു ,കുറച്ച് മല കയറിയപ്പോൾ തന്നെ വളരെയധികം ക്ഷീണം തോന്നി . കയ്യിൽ ഉണ്ടാക്കുന്ന വെളം കുടിച്ച് ദാഹം അടക്കി .
ഇടത് വശത്ത് പർവ്വതനിരകളിൽ തലയുയർത്തി നിൽക്കുന്ന അഗസ്ത്യ പർവ്വതം കാണാൻ കഴിയും . ഒരു തൊപ്പി കയ്യിൽ കരുതുന്നത് എന്തുകൊണ്ടു നല്ലതാണ് . ഒന്നര മണിക്കൂർ എങ്കിലും പുൽമേട്ടിലൂടെ നടക്കണം , ഉച്ചക്ക് 12 മണി ആയികാണും , അതുവരെ വേഗത്തിൽ നടന്ന നമ്മൾ പതിയെ ആയി നടത്തം , ഇവിടെ പുളളിപ്പുലികൾ ഉണ്ടെന്നാണ് പറയുന്നത് , പിന്നെ മല കയറി വീണ്ടും ഒരു വനം എത്തി വഴി വളരെ മോശമാണ് മുന്നോട്ടു പോകുമ്പോൾ ശ്രദ്ധിച്ചു നടക്കണം കരടി ഉള്ള പ്രദേശമാണ് ഇവിടം , അതു കഴിഞ്ഞ് വീണ്ടും പുൽമേട് എത്തി. വീണ്ടും വെയിലിലേക്ക് എത്തി. നെല്ലിമരങ്ങളാണ് കൂടുതലും .
അതു കഴിഞ്ഞ് കഠിനമായ വഴിയായിരുന്നു , കൊടും കാടിനു നടുവിൽ കൂടിയുള്ള നടത്തം , പാറകളും മരങ്ങളും വീണു കിടക്കുന്ന വഴി ആയതിനാൽ കുറച്ചു പാടായിരുന്നു അവിടെ കടന്നു കിട്ടാൻ.
എന്തായാലും വേഗം നടത്തം തുടർന്നു കാരണം ബേസ് ക്യാമ്പിൽ സീറ്റ് പിടിക്കാൻ ഉള്ളതാണ് , നമ്മുടെ കൂടെ വരുന്ന ഒരു ചേട്ടൻ നേരത്തെ ഇവിടെ വന്നിട്ടുന്നതാണ് ആ ചേട്ടൻ പറഞ്ഞു തരുന്നതാണ് ബേസ് ക്യാമ്പിൽ നേരെത്തെ എത്തണം എന്ന്.
അങ്ങന നടന്നു വനത്തിൽ കയറി മുന്നോട്ട് നടന്നു . നടക്കുന്ന വഴി ഒരു കാട്ടുകോഴിയെ കണ്ടു. പിന്നെയും മുന്നോട്ട് നടന്നപ്പോൾ വഴി രണ്ടായി പിരിഞ്ഞു , ഒന്ന് അഗത്യമലയിലേക്ക് മറ്റേത് അതിരുമല ബേസ് ക്യാമ്പിലേക്ക് ,
തിരിയുന്ന വളവിൽ ഒരു പ്രതിഷ്ട വച്ചിട്ടുണ്ട് തിരിയും കത്തിച്ചിരിക്കുന്നു. ഇനി ബേസ് ക്യാമ്പിലേക്ക് പോകുന്ന വഴി ആനകൾ വരുന്ന വഴി ആയതിനാൽ സൂക്ഷിച്ചു പോകണം .
നമ്മൾ ബേസ് ക്യാമ്പിലേക്ക് നടന്നു .....
Next part 2.













Comments
Post a Comment